~ സ്വാഗതം ~
ശ്രീ രാമവില്ല്യം കഴകം
ശ്രീ പരശുരാമ പാദസ്പർശത്താൽ പവിത്രവും ഉത്തരകേരളത്തിലെ കഴകങ്ങളിൽ പ്രധാനവുമായ ക്ഷേത്രമാണ് തൃക്കരിപ്പൂർ ശ്രീ രാമവില്ല്യം കഴകം. ഐതിഹ്യ പെരുമയാൽ സമ്പന്നമായ ക്ഷേത്രം കാസർഗോഡ് ജില്ലയിലെ തെക്കേ തൃക്കരിപ്പൂർ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത് ശ്രീ ഒളവറ മുണ്ട്യക്കാവ് ദേവസ്വം, ശ്രീ കൂലേരി മുണ്ട്യ ദേവസ്വം, ശ്രീ പടന്ന മുണ്ട്യ ദേവസ്വം, ശ്രീ തടിയൻ കൊവ്വൽ മുണ്ട്യ ദേവസ്വം, ശ്രീ കുറുവാപ്പള്ളി അറ ദേവസ്വം എന്നീ കീഴ്ഘടകക്ഷേത്രങ്ങളിലായി തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ് പഞ്ചായത്തുകളിലായി വിശാലമായ പ്രവർത്തന പരിധിയുള്ളതാണ് ക്ഷേത്രം. ശ്രീ പടക്കെത്തി ഭഗവതിയും, ശ്രീ പൂമാല ഭഗവതിയുമാണ് പ്രധാന ആരാധനാമൂർത്തികൾ, ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ പാട്ടുത്സവവും, തട്ടിന് താഴെ കളിയാട്ടവുമാണ്.
25 വർഷങ്ങൾ കൂടുമ്പോഴാണ് പെരുങ്കളിയാട്ടം നടക്കുന്നത് 1999 ലാണ് അവസാനമായി പെരുങ്കളിയാട്ടം നടന്നുവന്നത്. 2025 മാർച്ച് 5 മുതൽ 12 വരെ (കുംഭം 21 മുതൽ 28 വരെ ) പെരുംകളിയാട്ടം നടക്കാൻ പോവുകയാണ്, നൂറോളം തെയ്യക്കോലങ്ങൾ ആചാര അനുഷ്ഠാന വിധികളോടെ കളിയാട്ട ദിവസങ്ങളിൽ അരങ്ങിലെത്തും. വിവിധ തെയ്യക്കോലങ്ങളെ ആരാധന പൂർവ്വം കണ്ടറിയാനുള്ള അപൂർവ്വ അവസരമാണ് പെരുങ്കളിയാട്ടത്തിലൂടെ വന്നുചേരുന്നത്. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പെരുങ്കളിയാട്ടത്തിൽ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങൾക്ക് പ്രസാദമായി അന്നദാനം രണ്ട് നേരവും ഉണ്ടാവും. ജാതിമതഭേദമന്യേയുള്ള പങ്കാളിത്തം കൊണ്ട് ജനകീയ ഉത്സവമായി മാറുകയാണ് ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം.
